ചരിത്രം

പഴയ മദിരാശി സംസ്ഥാനത്തിന്‍റെ ഭാഗമായ മലബാര്‍ ജില്ലയിലെ 1954 ല്‍ രുപം കൊണ്ട വില്ലേജ് പഞ്ചായത്തുകളായ മാണിയൂര്‍ വില്ലേജ് പഞ്ചായത്തും കുറ്റ്യാട്ടൂര്‍ വില്ലേജ് പഞ്ചായത്തും നിലവില്‍ വന്നു. 1961 ഡിസംബര്‍ 31 ന് ഈ പഞ്ചായത്തുകള്‍ പിരിച്ചുവിടുകയും 01.01.1962 ന് പുന:സംഘടിപ്പിച്ച് കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്ത് എന്നപേരില്‍ നിലവില്‍ വരികയും ചെയ്തു. 31.12.1963 വരെ സ്പെഷ്യല്‍ ഓഫീസര്‍ ഭരണം നിലനില്‍ക്കുകയും അതിനുശേഷം നടത്തിയ പൊതുതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നോമിനേറ്റഡ് വനിതാ മെമ്പര്‍ ഉള്‍പ്പെടെ 7 അംഗ പഞ്ചായത്ത് ഭരണസമിതി 01.01.1964 ല്‍ ശ്രീ.വി.കണ്ണന്‍ പ്രസിഡന്‍റായും  ശ്രീ.കെ.പി.കുഞ്ഞിക്കണ്ണന്‍ വൈസ് പ്രസിഡന്‍റായും നിലവില്‍വന്നു.

                                 ചിരപുരാതനമായ ഒരു സംസ്കാരവും ചരിത്രവും കുറ്റ്യാട്ടൂരിനുണ്ട്. സ്ഥലനാമങ്ങള്‍ സംബന്ധിച്ച് പഴമക്കാര്‍ പറഞ്ഞു വരുന്ന ചരിത്രങ്ങള്‍, പരമ്പരാഗത പ്രയോഗങ്ങള്‍, ഐതീഹ്യങ്ങള്‍, ഒട്ടേറെ കാവുകള്‍, ക്ഷേത്രങ്ങള്‍, പുരാതന തടവാടുകള്‍ എന്നിവ ഇന്നും ഇതിനുള്ള തെളിവുകളാണ്. കുറ്റ്യാട്ടൂര്‍ എന്ന പേരിനു തന്നെ പ്രബലമായ ഒരു ഐതീഹ്യവും നിലവിലുണ്ട്. വടക്കെ മലബാറിലെ പ്രസിദ്ധമായ കൊട്ടിയൂര്‍ ശിവക്ഷേത്രത്തില്‍ ആദ്യമായി നെയ്യഭിഷേകം ചെയ്യുവാനുള്ള അവകാശം കോട്ടയം തമ്പുരാനില്‍ നിന്ന് കല്‍പിച്ച് കിട്ടിയത് കുറ്റ്യാട്ടൂരിലെ പ്രശസ്തരായ നാല് നമ്പ്യാര്‍ തറവാട്ടുകാര്‍ക്കായിരുന്നുവെന്നും, നാലരക്കുറ്റി പശുവിന്‍ നെയ്യാണ് ഇപ്രകാരം അഭിഷേകം ചെയ്യേണ്ടിയിരുന്നുവെന്നും, കുറ്റി ആടുന്നവരുടെ ഊര് -പ്രദേശം-കുറ്റ്യാട്ടൂര്‍ എന്നുമെന്നാണ്  ഐതീഹ്യം.

              ഇതുപോലെ തന്നെ ഋഷിമാര്‍ അധിവസിച്ചിരുന്ന പ്രദേശമായിരുന്നു څതീര്‍ത്ഥാട്ടുമലچ എന്നും ദേവീ സാനിദ്ധ്യം കൊണ്ട് പാവനമായ ഊരാണ് പാവന്നൂര്‍ എന്നും, വേദശാലയായിരുന്നു വേശാല എന്നും, മണിയുടെ(സുബ്രഹ്മണ്യന്‍റെ)ഊരായിരുന്നു മാണിയൂര്‍ എന്നും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതീഹ്യങ്ങള്‍ പഴമക്കാരുടെ മനസ്സില്‍ ഉണ്ട്.       

               ചിറക്കല്‍ രാജവംശത്തിന്‍റെ അധികാര പരിധിയില്‍പ്പെട്ട പ്രദേശങ്ങളായിരുന്നു കുറ്റ്യാട്ടൂര്‍. പിന്‍കാലത്ത് ബ്രിട്ടീഷ് ആധിപത്യത്തെ തുടര്‍ന്ന് സാമ്രാജ്യത്വ ഭരണസ്ഥാപനങ്ങളുടെയും ജന്മി-നാടുവാഴിത്ത കൂട്ടുകെട്ടിന്‍റെയും നേതൃത്വത്തില്‍ നടത്തിയ അടിച്ചമര്‍ത്തലുകളും,ചൂഷണവും കാരണം മഹാഭൂരിപക്ഷം വരുന്ന അവര്‍ണ്ണരും താഴ്ന്നജാതിക്കാരുമായ സാമാന്യജനങ്ങള്‍ സാമൂഹിക സാമ്പത്തീക-സാംസ്ക്കാരിക രംഗങ്ങളില്‍ പിന്തളളപ്പെട്ടു. മാത്രമല്ല ഒരു അടിമ ഉടമ ബന്ധം നിലനിന്നിരുന്നതിനാല്‍ മൊത്തം ഭൂമിയുടെ ജന്മാവകാശം എതാനും കുടുംബങ്ങളില്‍ ഒതുങ്ങിയിരുന്നു. അതുകൊണ്ടുതന്നെ കേവലം  10% സാമ്പത്തീകവും വിദ്യാഭ്യാസ പരവുമായി മുമ്പോട്ട് പോയപ്പോള്‍ 90%വും നിത്യദാരിദ്രത്തിലും നിരക്ഷരതയിലും അകപ്പെട്ടു. 1930 കളില്‍ ഈ പ്രദേശത്തിന്‍റെ അധികാരഘടനയിലെ മുഖ്യ ശക്തികള്‍ ജന്മിത്വ ശക്തികള്‍ തന്നെയായിരുന്നു. കൃഷിക്കാരിലും കര്‍ഷക തൊഴിലാളികളിലും സംഘബോധത്തിന്‍റെയും അവകാശ ബോധത്തിന്‍റെയും നേരിയ ഒരു ചലനവുമുണ്ടായിരുന്നില്ല.1935 ല്‍ വിഷ്ണു ഭാരതീയന്‍റെ നേതൃത്വത്തില്‍ കൊളച്ചേരിയില്‍ രൂപം കൊണ്ട കര്‍ഷക പ്രസ്ഥാനം അയല്‍ വില്ലേജുകളായ കയരളം,കണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങള്‍ക്കൊപ്പം കുറ്റ്യാട്ടൂരിലെ കര്‍ഷകരിലും കര്‍ഷക തൊഴിലാളികളിലും ആവേശമുണ്ടാക്കി.എ.കെ.ജി.ഭാരതീയന്‍,കേരളീയന്‍ തുടങ്ങിയ നേതാക്കളുടെ സന്ദര്‍ശനം പീഢനത്തിന്‍റെയും അടിച്ചമര്‍ത്തലിന്‍റയും ചെറുത്തു നില്‍പ്പിന്‍റയും അതു വഴി കൂട്ടായ്മയുടെയും ആശയം മെല്ലെ മെല്ലെ അവശ വിഭാഗങ്ങളില്‍ വിശേഷിച്ചും കൃഷിക്കാരില്‍ വേരൂന്നിത്തുടങ്ങുകയാണ്.പ്രാദേശിക കര്‍ഷക സംഘ രൂപീകരണവും കര്‍ഷക സമ്മേളനങ്ങളില്‍ ഈ പ്രദേശത്തിന്‍റെ പ്രാദിനിധ്യം വരുന്നതോടെ ചെറുത്തു നില്‍പ്പിന്‍റെയും പോരാട്ടത്തിന്‍റെയും തുടക്കമിടുകയായിരുന്നു.

          നുരി വച്ച് കാണല്‍, പാറവശ് തുടങ്ങിയ അക്രമ പിരിവുകള്‍ക്കെതിരെ ചിറക്കല്‍ താലൂക്കില്‍ അലയടിച്ചുയര്‍ന്ന പ്രക്ഷോഭങ്ങളില്‍ കുറ്റ്യാട്ടുരിലെ കൃഷിക്കാരും പങ്കെടുത്തു.കുടിയാന്‍മാര്‍ മുട്ടിനു താഴെ മുണ്ടുടുക്കുന്നതും,തോര്‍ത്ത് തലയില്‍ കെട്ടി നടക്കുന്നതും നിരോധിച്ചിരുന്ന കാലത്ത് എ.കെ.ജിയുടെയും മറ്റും സാനിധ്യം ജനങ്ങളില്‍ സമരാവേശം ഉണ്ടാക്കിയതിന്‍റെ തെളിവാണ്.തോര്‍ത്ത് മുണ്ട് തലയില്‍ കെട്ടി നടക്കുന്നതിന് വിലക്കു കല്‍പ്പിച്ചതിനെതിരെ നടത്തിയ പ്രസിദ്ധമായ തലെക്കെട്ടു സമരം.പഴശ്ശിയിലെ വണ്ണാത്തിമാറ്റ് സമരം തുടങ്ങിയവ അശാസ്ത്രീയമെങ്കിലും ഈ സമരങ്ങള്‍ ജന്മിമാരുടെ ക്യാമ്പില്‍ ആശങ്ക ഉളവാക്കുകയും കര്‍ഷകരില്‍ സംഘ ബോധത്തിന്‍റെ പുതിയ മേഖല തെളിഞ്ഞു വരികയും ചെയ്തു. യശശ്ശരീരരായ വി.കണ്ണന്‍, അറാക്കല്‍ കുഞ്ഞിരാമന്‍, പി.സി.നാരായണന്‍ നമ്പ്യാര്‍, എ.കുഞ്ഞിക്കണ്ണന്‍ തുടങ്ങിയ പ്രാദേശിക നേതാക്കളുടെ പോരാട്ടവും സാനിധ്യവും കര്‍ഷകരിലും കുടിയാന്മാരിലും ആവേശം പടര്‍ത്തിയിരുന്നു.സ്വാതന്ത്ര ലബ്ധിയെ തുടര്‍ന്നുള്ള നാളുകള്‍ മാണിയൂരില്‍ നിന്ന് വ്യത്യസ്തമായി കുറ്റ്യാട്ടൂരില്‍ എം.എസ്.പി യുടെയും ജന്മിമാരുടെ ഗുണ്ടകളുടെയും നേതൃത്വത്തില്‍ നടത്തിയ കൊടിയ മര്‍ദ്ദനത്തിന്‍റെതായിരുന്നു.ഏതാനും ജന്മി വീടുകളില്‍ ക്യാമ്പു ചെയ്ത് അവരുടെ വിരോധം തീര്‍ക്കുന്നതിന് രാപ്പകല്‍ വീടുക്ള്‍ റെയ്ഡ ചെയ്തും കൃഷിക്കാരെയും കര്‍ഷക തൊഴിലാളികളെയും മര്‍ദ്ദിച്ചും കള്ളക്കേസില്‍ കുടുക്കിയും പീഢിപ്പിച്ച അനുഭവമായിരുന്നു.വി കണ്ണന്‍ ഏറ്റു വാങ്ങിയ മര്‍ദ്ദനം ഹൃദയ ഭേദകമായിരുന്നു.എം.എസ്.പിയുടെയും ഗുണ്ടകളുടെയും മര്‍ദ്ദനമേറ്റ് ഇക്കാലത്ത് നിത്യരോഗികളായ ഒട്ടനവധി ആളുകള്‍ മരിക്കാന്‍ ഇടയായിട്ടുണ്ട്. ഭരണാധികാരികളുടെ വക്താക്കളായി കൊടിയ പീഢനത്തിനും മര്‍ദ്ദനത്തിനും നേതൃത്വം കൊടുത്ത ശക്തികള്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് ഒന്നുമല്ലാതായി തീരുന്നതിന്‍റെ പ്രത്യക്ഷ തെളിവാണ് 54 ല്‍ നടന്ന വില്ലേജ് പഞ്ചായത്ത് തിരഞ്ഞെടുപ്പ്.പഞ്ചായത്തിലെ വോട്ടര്‍ മാരെ ആകെ പൊതു സ്ഥലത്ത് ഒന്നിച്ചു ചേര്‍ത്ത് പ്രസിഡന്‍റിനെയും ജനപ്രതിനിധികളെയും കൈ പൊക്കി വോട്ട് ചെയ്ത് തിരഞ്ഞെടുക്കുകയാണുണ്ടായത്.കുറ്റ്യാട്ടൂര്‍ വില്ലേജിലെ വോട്ടര്‍മാരെല്ലാം കുറ്റ്യാട്ടൂര്‍ സെന്‍ട്രല്‍ എ.എല്‍.പി സ്കൂളില്‍ ഒത്തു ചേര്‍ന്ന് പ്രസിഡന്‍റിനെയും മെമ്പര്‍മാരെയും തിരഞ്ഞെടുക്കാന്‍ അവസരം കൈവന്നപ്പോള്‍ പ്രാദേശിക കര്‍ഷക സംഘത്തിന്‍റെ പ്രവര്‍ത്തകരെയാണ് മഹാ ഭൂരിപക്ഷം വോട്ടോടെ തിരഞ്ഞെടുത്തത്. അന്നു വരെ ഭരണ രംഗവുമായി യാതൊരു ബന്ധവുമില്ലാത്ത കര്‍ഷക തൊഴിലാളി മേഖലയില്‍ പ്രവര്‍ത്തിച്ച അനുഭവം മാത്രം കൈമുതലുള്ള ഏതാനും പേര്‍ പ്രാദേശിക ഭരണ ചുമതലയിലേക്ക് കടന്നു വരികയായിരുന്നു.

 

 

 

 

പഞ്ചായത്ത് ഓഫീസ് - ഒരു പഴയ ദൃശ്യം