സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത പഞ്ചായത്ത്.
ദാരിദ്ര്യ രഹിതവും ഉയര്‍ന്ന ഉപജീവന മാര്‍ഗ്ഗവുമുള്ള ഗ്രാമം
ദാരിദ്ര്യ ലഘൂകരണ പ്രക്രിയയില്‍ ലോകത്ത് പിന്നോക്കം നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ.ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുതകുന്ന രീതിയില്‍ നിരവധി പദ്ധതികള്‍ ഇന്ത്യയില്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായും വിജയത്തിലെത്താന്‍ നമുക്ക് സാധിച്ചിട്ടില്ല.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോഴും സാമ്പത്തിക അസമത്വവും നിലനില്‍ക്കുന്നുണ്ട്. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജത്തില്‍ വളരെയധികം മുന്നോട്ട് പോയിട്ടുണ്ട്. 2019-21 ലെ നീതി ആയോഗിന്റെ മള്‍ട്ടി ഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്റെക്സ് പ്രകാരം കേരളത്തില്‍ 0.55 ശതമാനം ദാരിദ്ര്യം മാത്രമേയുള്ളൂ.സാമൂഹ്യ സുരക്ഷാ രംഗത്ത് കേരളം സ്വീകരിച്ച നടപടികളാണ് ഇതിന് കാരണം.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാതീരുമാനപ്രകാരം കേരളത്തിലെ അതിദാരിദ്ര്യം പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ഒരു കുടുംബത്തെ അതിദാരിദ്ര്യത്തിലേക്ക് നയിക്കുന്നതില്‍ പ്രധാനമായും നാല് ക്ലേശ ഘടകങ്ങളാണ്കണ്ടെത്തിയിട്ടുള്ളത്.ആഹാരം,ആരോഗ്യം,വാസസ്ഥലം,വരുമാനം എന്നിവയാണ് ഇവ.സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുന്നതിന് വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തത്.പ്രാദേശിക ജനകീയ കമ്മറ്റികളുടെ രൂപീകരണം മുതല്‍ സര്‍വ്വേ,വിവിധ ഫോക്കസ് ഗ്രൂപ്പുകളുടെ ചര്‍ച്ചകള്‍,ഫീല്‍ഡ്പരിശോധന,വാര്‍ഡ്തല കമ്മറ്റികളുടെയും പഞ്ചായത്ത് തല കമ്മറ്റികളുടെയും പരിശോധനയ്ക്കും ശേഷം പഞ്ചായത്ത് ഭരണസമിതി അന്തിമലിസ്റ്റ് അംഗീകരിച്ചു.
അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പഞ്ചായത്ത് തല ജനകീയ സമിതി രൂപീകരണ യോഗം 25/10/2021 കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചാത്ത് സാംസ്കാരിക നിലയത്തില്‍ വെച്ച് നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.പി പി റെജി ചെയര്‍മാനായും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.കെ പ്രകാശന്‍ നോഡല്‍ ഓഫീസറും ഗ്രാമപഞ്ചായത്ത് വി.ഇ.ഒ അസി.നോഡല്‍ ഓഫീസറായും 51 അംഗ കമ്മിറ്റി രൂപീകരിച്ചു. പിന്നീട് ഓരോ വാര്‍ഡിലും വാര്‍ഡ് മെമ്പര്‍ ചെയര്‍മാനായി വാര്‍ഡ്തല ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ചു. അതിദരിദ്രരെ കണ്ടെത്തുന്നതിന് വേണ്ടി 2 മേഖലകളിലായ് 2021 നവംബര്‍ 20,22 തീയതികളില്‍ വാര്‍ഡ് തല ജനകീയ കമ്മിറ്റികള്‍ക്കുള്ള പരിശീലനങ്ങള്‍ സംഘടിപ്പിച്ചു.2 പരിശീലനങ്ങളിലുമായി 156 സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്തു. 30/11/2021 ന് 39 അംഗ എന്യൂമറേഷന്‍ ടീം അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. എന്യൂമറേഷന്‍ ടീം കണ്ടെത്തിയ അതിദരിദ്ര വിഭാഗം കുടുംബങ്ങളുടെ പട്ടിക വാര്‍ഡ്തല ജനകീയ സമിതിയുടേയും പഞ്ചായത്ത്തല ജനകീയ സമിതിയുടേയും വിശദമായ പരിശോധനക്ക് വിധേയമാക്കി. ഇതില്‍ നിന്നും 26 കുടുംബങ്ങളുടെ പട്ടിക ബ്ലോക്ക് തല സൂപ്പര്‍ചെക്ക് സെല്ലിന് കൈമാറി. സൂപ്പര്‍ ചെക്ക് സെല്ലിന്റെ പരിശോധനക്ക് ശേഷം 16 അംഗ അന്തിമ പട്ടിക അംഗീകരിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഒന്നില്‍ അധികം പ്രാവശ്യംഈ കുടുംബങ്ങളെ സന്ദര്‍ശിക്കുകയും അവരുടെ ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ കുടുംബത്തിനും പ്രത്യേകം പ്രത്യകം മൈക്രോപ്ലാന്‍ തയ്യാറാക്കുകയും ചെയ്തു.
ലക്ഷ്യങ്ങള്‍
- കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യ പ്രക്രിയയില്‍ കണ്ടെത്തിയ 16 കുടുംബങ്ങളെയും 2023 ഡിസംബര്‍ മാസത്തിന് മുമ്പേ അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും.
- വാസസ്ഥലം ആവശ്യമുള്ള 6 കുടുംബങ്ങള്‍ക്ക് വിവിധ പദ്ധതികളിലൂടെ വാസസ്ഥലം ഒരുക്കി നല്‍കും.
- ഭക്ഷണകിറ്റ് ആവശ്യമുള്ള 9 കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റ് നല്‍കും.
- ആരോഗ്യ പരിരക്ഷ ആവശ്യമുള്ള 11 പേര്‍ക്ക് പദ്ധതിയിലോ അല്ലാതെയോ ഉള്‍പ്പെടുത്തി ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തും.
- വരുമാനം ആവശ്യമുള്ള 4 കുടുംബങ്ങള്‍ക്ക് വിവിധ തരത്തിലുള്ള വരുമാന മാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കിക്കൊടുക്കും.
- വിദ്യാഭ്യാസം ആവശ്യമുള്ള 5 കുടുംബങ്ങള്‍ (യൂണിഫോം,യാത്രാപാസ്,ബാഗ് തുടങ്ങിയവ നല്‍കും)
- ഓണം പോലുള്ള വിശേഷ ദിവസങ്ങളില്‍ വസ്ത്രങ്ങള്‍ നല്‍കും
- വാതില്‍പ്പടി സേവനങ്ങള്‍ – ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ്,തൊഴില്‍കാര്‍ഡ്,വോട്ടേര്‍സ് ഐ ഡി,റേഷന്‍ കാര്‍ഡ്,ബസ് യാത്രാ പാസ് എന്നിവ ആവശ്യമുള്ളവര്‍ക്ക് യഥാക്രമം ആയത് അനുവദിച്ചു കൊടുക്കും.