പഞ്ചായത്തിന്‍റെ ഭൂമിശാസ്ത്രം

ഭൂപ്രകൃതി 

വൈവിധ്യമായ ഭൂപ്രകൃതി കുറ്റ്യാട്ടൂര്‍ പഞ്ചായത്തിന്റെ പ്രത്യേകതയാണ്. കുന്നുകളും താഴ്വാരങ്ങളും വയലേലകളും ഇടവിട്ട പ്രദേശമാണിത്. കിഴക്കു നിന്ന് പടിഞ്ഞാറോട്ട് അല്പം ചെരിഞ്ഞാണ് കിടക്കുന്നത്. ഉത്തര അക്ഷാംശം 11 ഡിഗ്രി 56 നും 12 ഡിഗ്രിക്ക് ഇടക്കും പൂര്‍വ്വ രേഖാംശം75 ഡിഗ്രി 26 നും 75 ഡിഗ്രി  30 നും ഇടയില്‍ സ്ഥിതി ചെയ്യുന്നു.വടക്ക് മയ്യില്‍ മലപ്പട്ടം പഞ്ചായത്തുകളും കിഴക്ക് കൂടാളി പഞ്ചായത്തും തെക്ക് മുണ്ടേരി, കൂടാളി പഞ്ചായത്തും , പടിഞ്ഞാറ് കൊളച്ചേരി, മയ്യില്‍ പഞ്ചായത്തും അതിര്‍ത്തികളായി കിടക്കുന്നു. നമ്മുടെ പഞ്ചായത്ത് വടക്കന്‍ ഇടനാട് എന്ന കാര്‍ഷിക ഭൂവിഭാഗത്തില്‍പ്പെടുന്നു.  

            ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ മൂന്നായി തരം തിരിക്കാം. 

               1) ഉയര്‍ന്ന ലാറ്ററേറ്റ് സമതലം. 

               2) ചെരിവ് പ്രദേശങ്ങള്‍. 

               3) താഴ്വരകള്‍ 

 

ഉയര്‍ന്ന ലാറ്ററേറ്റ് സമതലം 

             40 മുതല്‍ 122 മീറ്റര്‍ വരെ ഉയരമുള്ള കുന്നിന്‍ പുറങ്ങള്‍ കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലുണ്ട്. പഞ്ചായത്തിന്റെ കിഴക്കു ഭാഗത്തുള്ള തീര്‍ത്ഥാട്ടുമല, ഉളുമ്പക്കുന്ന് എന്നിവയാണ് ഏറ്റവും ഉയരമുള്ള പ്രദേശങ്ങള്‍. വടുവന്‍കുളം , പോന്താറമ്പ്, ബഗന്റെ കുന്ന് എന്നിവയും ഉയര്‍ന്ന പ്രദേശങ്ങള്‍ തന്നെ. ചട്ടുകപ്പാറ, പഴശ്ശി എന്നിവ ഏകദേശം ഉയര്‍ന്ന പ്രദേശങ്ങളാണ്. ലാറ്ററേറ്റ് മണ്ണാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. കടുപ്പം കൂടിയ പാറപ്രദേശങ്ങളും ഉണ്ട്. ഇതില്‍ മിക്കവാറും പ്രദേശങ്ങള്‍ ചെങ്കല്‍ ഖനനം നടത്തിയ പ്രദേശങ്ങളാണ്. ഇതില്‍ ഭൂരിഭാഗം പ്രദേശങ്ങള്‍  തരിശായി കാണപ്പെടുന്നു. കുറ്റ്യാട്ടൂര്‍ മാവ്, കശുമാവ്, തെങ്ങ്, റബ്ബര്‍ തുടങ്ങിയവയാണ് പ്രധാന കൃഷികള്‍. ഈ പ്രദേശത്തിന്റെ വിസ്തൃതി ഏകദേശം 21.5 ച.കി.മി. വരും.     

 

ചരിവു പ്രദേശങ്ങള്‍ 

സമതലത്തില്‍നിന്ന്താഴ്വാരത്തിലേക്കുള്ളചെരിവുകള്‍ഫലഭൂയിഷ്ടമായ പ്രദേശമാണ്. തെങ്ങ്, കവുങ്ങ്, കുരുമുളക്, റബ്ബര്‍, മരച്ചീനി തുടങ്ങിയവ കൃഷി ചെയ്യുന്നു. ഈ പ്രദേശം വിസ്തൃതിയില്‍ 5 കി.മി വരും. ചെരിവു പ്രദേശങ്ങളില്‍ മണ്ണ് ജലസേചന പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. പ്രധാനമായും ലാറ്ററേറ്റ് മണ്ണാണ്. 

 

താഴ്വര 

വിസ്തൃതമായ നെല്‍പ്പാടങ്ങളും തെങ്ങ്, കവുങ്ങ്, തോട്ടങ്ങള്‍ ഉള്‍പ്പെട്ട സമതല പ്രദേശങ്ങള്‍ വിസ്തൃതിയില്‍ 806 ച.കി.മി വരും. പ്രധാന മണ്ണിനം ചുവന്ന പശിമരാശിയാണ്. മാണിയൂര്‍ നെല്‍പ്പാടം കണ്ണൂര്‍ ജില്ലയില്‍ തന്നെ രണ്ടാം സ്ഥാനത്തുള്ള നെല്‍പ്പാടമാണ്. വയലുകളില്‍ നെല്ലും ഇടവിളയായി പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും കൃഷിചെയ്യുന്നു. നേന്ത്രവാഴ കൃഷിയുമുണ്ട്. വയലിനോടു ചേര്‍ന്ന തോട്ടങ്ങളില്‍ തെങ്ങ്, കവുങ്ങ്, കുരുമുളക്, വാഴ, മരച്ചീനി തുടങ്ങിയവ കൃഷി ചെയ്യുന്നു. പാടം നികത്തി തോട്ടങ്ങളാക്കുന്ന പ്രവണതയും, പാടം തരിശാക്കുന്ന പ്രവണതയും നിലനില്‍ക്കുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വന്നതോടു കൂടി കര്‍ശന പരിശോധന നടന്നു വരുന്നുണ്ട്. 

ഭൂമിശാസ്ത്രം